കുമളി: സഹോദര സ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും മനോഹരമായ മാതൃകയാണ് കുമളി റൂറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ സര്‍വീസെന്ന് (ക്രോസ്) സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കുമളി അട്ടപ്പള്ളത്ത് ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെന്ററിന്റെ പുതിയ ബ്ലോക്കിലെ ശിലാസ്ഥാപനത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ നടത്തുന്ന സാമൂഹ്യ ശുശ്രൂഷ അനേകര്‍ക്ക് ആശ്വാസമാണ്.
ക്രൈസ്തവവിശ്വാസം അനുസരിച്ച് മരണത്തിന്റെ അടയാളമല്ല കുരിശ്. ഇത് ഉത്ഥാനത്തിന്റെ പ്രതീകമാണ്. അതിനാല്‍ ഈ സംഘടനയും ഉത്ഥാനത്തിന്റെ അടയാളമായിത്തീരാന്‍ എല്ലാവരും കൈകോര്‍ക്കണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.
സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായ ഒലിവ് തൈയും അദ്ദേഹം നട്ടു. ചടങ്ങില്‍ ക്രോസ് ചെയര്മാന് ആന്റണി ആലഞ്ചേരി അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് അംഗം സണ്ണി മാത്യു, ഷാജി അറയ്ക്കല്‍, കുമളി സെന്റ് തോമസ് ഫൊറോന വികാരി ഫാ.ഡോ. മാത്യു കല്ലായ്ക്കല്‍, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പനച്ചിക്കല്‍, സഹ്യാദ്രി അഡ്മിനിസ്ട്രേറ്റര്‍ ഫാ. ദീപു പുത്തന്‍പുരയ്ക്കല്‍, കുമളി സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മ പള്ളി വികാരി റവ. വിജയ് മാമ്മന്‍ മാത്യു, ചക്കുപള്ളം ഇമ്മാനുവേല്‍ ചര്‍ച്ച് വികാരി ഫാ. ജെബിന് വിനോജ് തോമസ്, ജില്ലാ പഞ്ചായത്ത് മെംബര്‍ ആന്‍സി ജയിംസ്, കുമളി പഞ്ചായത്ത് മെംബര്‍ ജെസി റോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.